യുഎസ് - ഇറാൻ സംഘർഷം: പുതിയ സാമ്പത്തിക ഉപരോധവുമായി ട്രംപ്; പരിഹസിച്ച് ഇറാൻ മാധ്യമങ്ങൾ
വാഷിംഗ്ടൺ/ ടെഹ്റാൻ: ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക നടപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തടസ്സപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.
'ഒരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത ഏറ്റവും കടുത്ത സാമ്പത്തിക നടപടിയായിരിക്കും ഇതെന്നു' ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു. ഇറാനെ ഏതെങ്കിലും രീതിയിൽ സഹായിക്കുന്ന മറ്റ് രാജ്യങ്ങൾക്കും കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എണ്ണക്കള്ളക്കടത്ത്, പണമിടപാടുകൾ, ഷിപ്പ് രജിസ്ട്രികൾ, ഫ്രണ്ട് കമ്പനികൾ എന്നിവയുടെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കണമെന്നും ഇറാന് സഹായം നൽകുന്ന രാജ്യങ്ങളെ ചൂണ്ടി ട്രംപ് വ്യക്തമാക്കി.
എന്നാൽ, ഭാവിയിൽ ഇറാനുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചേക്കാമെന്നും, ആണവായുധങ്ങൾ നിർമിക്കുന്നതിൽ നിന്ന് അവരെ തടയുക എന്നത് മാത്രമാണ് യുഎസിന്റെ ലക്ഷ്യമെന്നും വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങൾ രംഗത്തെത്തി. ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്ന ട്രംപിന്റെ അവകാശവാദം വെറും മാനസിക യുദ്ധത്തിന്റെ (Psychological warfare) ഭാഗമാണെന്ന് തസ്‌നീം, ഫാർസ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മുൻപത്തെ ഉപരോധങ്ങൾ പോലെ ഇതും പരാജയപ്പെടുമെന്നും ഇറാൻ വ്യക്തമാക്കി.
#Trump #IranUSconflict #TruthSocial

Post a Comment