മോഹൻ ഭാഗവതിന്റെ പ്രസംഗം: മാഡിസൺ സ്ക്വയർ ഗാർഡന് പുറത്ത് കനത്ത പ്രതിഷേധത്തിന് ഒരുങ്ങി സംഘടനകൾ
ആർ എസ് എസ് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള ആഗോള പര്യടനത്തിന്റെ ഭാഗമായി, സർ സംഘ്ഹ ചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ (MSG) ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പരിപാടിക്കെതിരെ അമേരിക്കയിൽ ശക്തമായ പ്രതിഷേധങ്ങൾ അലയടിക്കുന്നു. 'അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്' (AHEAD Forum) നേതൃത്വം നൽകുന്ന 'യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ' (Universal Oneness Celebration) എന്ന പരിപാടിക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. RSSoutofNYC എന്ന ഹാഷ്ടാഗിൽ നിരവധി പ്രതിഷേധങ്ങൾ ഇതിനകം നടന്നു. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കാളികളാകുന്നത്.
മോഹൻ ഭാഗവതിന്റെ പ്രസംഗം നടക്കുന്ന ആഗസ്റ്റ് 29-ന് മാഡിസൺ സ്ക്വയർ ഗാർഡന് പുറത്ത് വൻ പ്രതിഷേധം സംഘടിപ്പിക്കാൻ വിവിധ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. 'ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്', 'ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ' തുടങ്ങി 61-ലധികം പൗരാവകാശ-മത സംഘടനകൾ ഇതിനായി കൈകോർത്തിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങളോട്ആ അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആർ എസ് എസിന്റെ ആശയം ന്യൂയോർക്കിന്റെ ബഹുസ്വരതയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ഇവർ തെരുവിൽ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പരിപാടിക്കെതിരെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്രാൻ മംദാനി പരസ്യമായി രംഗത്തുവന്നത് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചയായിട്ടുണ്ട്. താൻ ഈ റാലിയെ പിന്തുണയ്ക്കുന്നില്ലെന്നും, എന്നാൽ ഇതൊരു സ്വകാര്യ പരിപാടിയായതിനാൽ റദ്ദാക്കാൻ സിറ്റി ഭരണകൂടത്തിന് അധികാരമുണ്ടോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആർ എസ് എസിന്റെ പ്രത്യയശാസ്ത്രം ബഹുസ്വരതക്ക് എതിരാണ് എന്ന നിലപാടാണ് മംദാനിയുടേത്.
പരിപാടിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ വളരെ ശക്തമാണ്. പരിപാടിക്ക്സം അനുമതി നൽകരുത് എന്നാണ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ ആവശ്യപ്പെടുന്നത്. സംഘാടകരായ AHEAD ഫോറത്തിന്റെ 'എക്സ്' (X) അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചത് വിവാദങ്ങൾക്ക് ആഴം കൂട്ടി. അതേസമയം, പരിപാടിയിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയും ഉയരുന്നുണ്ട്.
സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തത്രയും ശക്തമാണ് മോഹൻഭാഗവതിന്റെ പരിപാടിക്കെതിരെ ന്യൂയോർക്ക് സിറ്റിയിൽ ഉണ്ടായിരിക്കുന്നത്. ആഗോളസമൂഹത്തിൽ സ്വീകാര്യത നേടിയെടുക്കാനുള്ള ആർ എസ് എസിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
#RSSoutofNYC #Mohanbhagavat #RSS #NewyorkCity


Post a Comment