ഡി വൈ എഫ് ഐക്ക് പുതിയ നേതൃത്വം ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായിഎം വിജിനിനെയും തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. അഡ്വ. ആർ രാഹുലാണ് ട്രഷറർ. വൈസ് പ്രസിഡന്റ്: ആർ ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു. ജോയിന്റ് സെക്രട്ടറി: ഗ്രീഷ്മ അജയഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ. 92 അംഗ കമ്മറ്റിയെയും 25 സെക്രട്ടറിയേറ്റിനെയും തിരഞ്ഞെടുത്തു.
ഡോ: ചിന്ത ജെറോം
അധ്യാപക ദമ്പതികളായ സി ജെറോമിന്റെയും എസ്തർ ജെറോമിൻ്റെയും മകളായി കൊല്ലത്ത് ജനനം. കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കർമ്മല റാണി ബിഎഡ് കോളേജിൽ നിന്നും ബിഎഡ് പൂർത്തീകരിച്ച ശേഷം കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടി. യു ജി സി നെറ്റ്- ജെ ആർ എഫ് യോഗ്യതകൾ നേടിയിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകയായി പൊതുജീവിതം ആരംഭിച്ചു. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡൻ്റ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എം വിജിൻ
കണ്ണൂർ ജില്ലയിലെ എടാട്ട് ടി കെ ഭാസ്കരന്റെയും വസന്തയുടെയും മകനായി ജനനം. എടനാട് വെസ്റ്റ് എൽ പി സ്കൂൾ, എടനാട് യുപി സ്കൂൾ, ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം പയ്യന്നൂർ കോളേജിൽനിന്ന് ബി എസ് സി ഫിസിക്സ് പാസായി. കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും ഫിലോസഫിയിൽ പി ജി നേടി. ബാലസംഘത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി, ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, കണ്ണൂർ ജില്ലാ ട്രഷറർ, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേന്ദ്ര കമ്മിറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചു.
%20(3).png)
Post a Comment