വന്ദേമാതരത്തിൽ 1937-ലെ നിലപാട് ആവർത്തിച്ച് കോൺഗ്രസ്
വന്ദേമാതരവുമായി ബന്ധപ്പെട്ട് 1937-ൽ സ്വീകരിച്ച ചരിത്രപരമായ നിലപാട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി വീണ്ടും ശരിവെച്ചു. പാർട്ടി പരിപാടികളിലും ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്നാണ് ബുധനാഴ്ച ചേർന്ന പ്രവർത്തക സമിതി യോഗത്തിന്റെ തീരുമാനം.
1937 ഒക്ടോബറിലെ കൊൽക്കത്ത യോഗത്തിലാണ് ഈ പ്രമേയം അംഗീകരിച്ചത്. മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ നിലനിൽക്കുന്ന രാജ്യത്ത്, എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതിനായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന് അന്ന് മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ തുടങ്ങിയ പ്രമുഖ നേതാക്കൾ തീരുമാനിക്കുകയായിരുന്നു. ഗാനത്തിന്റെ പിൽക്കാല വരികളിൽ ഹൈന്ദവ ദേവതാ സങ്കൽപ്പങ്ങൾ അടങ്ങിയിട്ടുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നായിരുന്നു ഈ തീരുമാനം.
ദക്ഷിണ ഗോവയിൽ നടന്ന ഒരു പൊതുയോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രം ആലപിച്ചതിനെ ചൊല്ലി ബി.ജെ.പി വിമർശനമുന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. 'മഹാത്മാ ഗാന്ധിയും നെഹ്റുവും പട്ടേലും എന്തിനേറെ അടൽ ബിഹാരി വാജ്പേയി പോലും പാടിയ അതേ വന്ദേമാതരമാണ് ഞാൻ ആലപിച്ചത്. അത് കുറ്റമാണെങ്കിൽ അവർക്കെതിരെ കേസെടുക്കൂ' എന്ന് ഖാർഗെ തിരിച്ചടിച്ചു. ബി.ജെ.പിക്ക് ചരിത്രപരമായ അറിവില്ലെന്നും അദ്ദേഹം ആരോപിച്ചു.
ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ എന്നിവയിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 'ഛാത്രോം കി ഗൂഞ്ച്' പരിപാടി രാജ്യത്തെ 800-ഓളം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനകളിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണം പ്രാദേശിക തലം മുതൽ ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, പി. ചിദംബരം തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
#Vandemataram #Congress #SoniaGandhi #Kharge

Post a Comment