ഹിന്ദ് റജബിനെ കൊല ചെയ്തെന്ന് സമ്മതിച്ച് ഇസ്രയേൽ
ടെൽഅവീവ്: ഗസ്സയിൽ അഞ്ചു വയസ്സുകാരിയായ ഹിന്ദ് റജബും കുടുംബവും സഞ്ചരിച്ച കാറിന് നേരെ വെടിവയ്പ്പ് നടത്തിയതായി ഇസ്രയേൽ സൈന്യം ബുധനാഴ്ച സമ്മതിച്ചു. സംഭവത്തിൽ ക്രിമിനൽ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈന്യം അറിയിച്ചു. ഗസ്സ സംഘർഷത്തിന്റെ ആദ്യ മാസങ്ങളിൽ സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവങ്ങളിൽ അന്താരാഷ്ട്രതലത്തിൽ ഏറെ ഒച്ചപ്പാട് സൃഷ്ടിച്ച ഒന്നായിരുന്നു ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും കൊലപാതകം.
ഗസ്സ സിറ്റിയിലേക്ക് ഇസ്രയേൽ അധിനിവേശം ഉണ്ടായപ്പോൾ രക്ഷതേടിപ്പോയ കുടുംബത്തിന്റെ കാറിനു നേരെയാണ് വെടിവയ്പ്പുണ്ടായത്. സഹായം അഭ്യർത്ഥിച്ച് പലസ്തീൻ റെഡ് ക്രസന്റുമായി മൂന്ന് മണിക്കൂറോളം നീണ്ട ഫോൺ സംഭാഷണത്തിനൊടുവിലാണ് ഹിന്ദ് മരണത്തിന് കീഴടങ്ങിയത്. കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെല്ലാം സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു.
സംഭവസ്ഥലത്ത് തങ്ങളുടെ സൈന്യം ഉണ്ടായിരുന്നില്ലെന്ന വാദമാണ് ഇസ്രയേൽ പ്രതിരോധ സേന (IDF) തുടക്കത്തിൽ ആവർത്തിച്ചിരുന്നത്. എന്നാൽ സമീപത്തുണ്ടായിരുന്ന ഇസ്രയേൽ ടാങ്കുകളാണ് ഇതിന് ഉത്തരവാദികൾ എന്ന് മാധ്യമങ്ങളുടെയും മറ്റ് സംഘടനകളുടെയും അന്വേഷണങ്ങളിൽ വ്യക്തമായിരുന്നു.
ഹിന്ദിനെ രക്ഷിക്കാനായി ഫലസ്തീൻ പാരാമെഡിക്കുകൾ അയച്ച ആംബുലൻസിനു നേരെയും വെടിയുതിർത്തു. ഇത് രണ്ട് റെഡ് ക്രസന്റ് ജീവനക്കാരുടെ മരണത്തിനിടയാക്കി. ബന്ധം നഷ്ടപ്പെടുന്നതുവരെ പാരാമെഡിക്കുകൾ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഇസ്രയേൽ സൈന്യം പിന്മാറി 12 ദിവസങ്ങൾക്കു ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുക്കാനായത്. ആംബുലൻസിന് നേരെയും സൈന്യം വെടിയുതിർത്തതായി ബുധനാഴ്ച സൈന്യം സ്ഥിരീകരിച്ചു.
#RajabHind #Gazza #Israel

Post a Comment