ഇറാനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്; കടൽപ്പാതകളുടെ സുരക്ഷക്ക് മുൻഗണനയെന്ന് സൗദി

വാഷിംഗ്‌ടൺ: ഇറാനുമായി ഭാവിയിൽ ഏതുസമയത്തും ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. നിലവിൽ ചർച്ചകളൊന്നും നടക്കുന്നില്ലെങ്കിലും ഇറാന് മേലുള്ള നാവിക ഉപരോധം തുടരും. ഇറാന്റെ കൈവശം ആണവായുധങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്നതാണ് അമേരിക്കയുടെ പ്രധാന ആവശ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


അതേസമയം, ഗൾഫ് മേഖലയിൽ നയതന്ത്ര നീക്കങ്ങളും സുരക്ഷാ ചർച്ചകളും ശക്തമായിട്ടുണ്ട്. സ്ട്രെയിറ്റ് ഓഫ് ഹോർമുസ്, ബാബ് അൽ-മന്ദേബ് ഉൾപ്പെടെയുള്ള എല്ലാ നാവിക പാതകളും സുരക്ഷിതമായി തുറന്നു പ്രവർത്തിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് ആവശ്യപ്പെട്ടു. ജപ്പാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.


കുടിവെള്ള വിതരണ ശൃംഖലക്ക് സൈബർ ഭീഷണി

കഴിഞ്ഞ കുറച്ചു ആഴ്ചകളായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ജലവിതരണ ശൃംഖലകളെ ലക്ഷ്യമിട്ട് നിരവധി സൈബർ ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനുമായി ബന്ധമുള്ള ഗ്രൂപ്പുകളാണെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധർ സംശയിക്കുന്നു. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള നയതന്ത്ര നിലപാടുകൾ കടുക്കുന്നതിനിടെ, പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം സൈബർ ഭീഷണികൾ അമേരിക്കയിൽ വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.

#USIranconflict #straitofhormuz #Saudi 

 

No comments