ഉച്ചഭക്ഷണത്തിൽ ഉപ്പിനു പകരം ഡിറ്റർജന്റ് പൗഡർ: 34 കുട്ടികൾ ആശുപത്രിയിൽ




പറ്റ്ന: ബിഹാറിലെ നളന്ദ ജില്ലയിലെ സ്‌കൂളിൽ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൗഡർ മാറി നൽകിയതായി ആരോപണം. ഇതിനെത്തുടർന്ന് 34-ലധികം വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭക്ഷണം കഴിച്ചതിനു പിന്നാലെ പിന്നാലെ കുട്ടികൾക്ക് തൊണ്ടയിൽ പുകച്ചിലും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ബിഹാർ ശരീഫിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പാചകക്കാരുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണ് സംഭവത്തിന് കാരണമെന്നാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. എന്നാൽ, ഭക്ഷണത്തിൽ ഡിറ്റർജന്റ് കലർന്നെന്ന വാദം  ജില്ലാ വിദ്യാഭ്യാസ ഓഫീസർ തള്ളിക്കളഞ്ഞു. മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആശുപത്രിയിൽ കുട്ടികളെ സന്ദർശിച്ച ഗ്രാമവികസന മന്ത്രി ശ്രാവൺ കുമാർ പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും, സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിൽ പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

#BIHAR #NALANDA #MIDDAYMEAL


No comments