മ്യാൻമറിലേക്ക് സുരക്ഷിതമായി മടങ്ങണം: പ്രതിഷേധത്തിൽ അണിനിരന്നത് പതിനായിരങ്ങൾ

 


കോക്സ് ബസാർ (ബംഗ്ലാദേശ്): മ്യാൻമർ സൈന്യത്തിന്റെ ക്രൂരമായ വംശഹത്യയെ തുടർന്ന് സ്വന്തം നാട് ഉപേക്ഷിച്ച് ബംഗ്ലാദേശിലേക്ക് അഭയാർത്ഥികളായി വന്നതിന്റെ ഒൻപതാം വാർഷികത്തിൽ വൻ പ്രതിഷേധവുമായി റോഹിംഗ്യൻ അഭയാർത്ഥികൾ. ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ തെക്കുകിഴക്കൻ ബംഗ്ലാദേശിലെ കോക്സ് ബസാറിലുള്ള 30-ഓളം ക്യാമ്പുകളിൽ നിന്നുള്ള പതിനായിരക്കണക്കിന് റോഹിംഗ്യകളാണ് ക്യാമ്പുകളിലെ ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങൾക്കെതിരെയും  സുരക്ഷിതമായ തിരിച്ചുപോക്ക് ആവശ്യപ്പെട്ടും തെരുവിലിറങ്ങിയത്.

'റോഹിംഗ്യൻ വംശഹത്യ ദിനം' ആയി ആചരിച്ച ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിൽ, ജന്മനാടായ മ്യാൻമറിലെ രാഖൈനിലേക്ക് സുരക്ഷിതമായി തിരിച്ചുപോകാൻ അന്താരാഷ്ട്ര സമൂഹം അവസരം ഒരുക്കണമെന്ന് സമരത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. അരങ്ങേറിയ അതിക്രമങ്ങൾ ഓർമ്മിക്കുന്നതിനും നിലവിലെ രൂക്ഷമായ മാനുഷിക പ്രതിസന്ധി ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമാണ് റാലി സംഘടിപ്പിച്ചതെന്ന് അഭയാർത്ഥി സംഘടനയായ 'യുണൈറ്റഡ് കൗൺസിൽ ഓഫ് റോഹിംഗ്യ' (UCR) അറിയിച്ചു.


1.2 ദശലക്ഷത്തിലധികം (12 ലക്ഷം) റോഹിംഗ്യൻ അഭയാർത്ഥികളാണ് നിലവിൽ കോക്സ് ബസാറിലെ ജനസാന്ദ്രതയേറിയ ക്യാമ്പുകളിൽ കഴിയുന്നത്. 2017-ൽ മ്യാൻമറിലെ രാഖൈനിൽ സൈന്യം അഴിച്ചുവിട്ട വൻ ആക്രമണങ്ങളെ തുടർന്നാണ് ഭൂരിഭാഗം ആളുകളും അതിർത്തി കടന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. മുമ്പ് രണ്ടുതവണ ബംഗ്ലാദേശ് സർക്കാർ അഭയാർത്ഥികളെ തിരികെ അയക്കാൻ ശ്രമിച്ചെങ്കിലും, മ്യാൻമറിലെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി ആരും മടങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് ഈ നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നു. ആരെയും നിർബന്ധിച്ച് തിരിച്ചയക്കില്ലെന്നാണ് ബംഗ്ലാദേശ് നിലപാട്.

അതേസമയം, ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്ന 'മൂന്നുലക്ഷത്തി'ലധികം ആളുകൾ രാഖൈൻ സംസ്ഥാനത്ത് നിന്നുള്ളവരാണെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടാൽ ഇവരെ തിരികെ സ്വീകരിക്കുമെന്നും മ്യാൻമർ സൈനിക സർക്കാർ ഈയിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ മ്യാൻമർ അധികാരികൾ കണക്കിൽ കൃത്രിമം കാണിക്കുകയാണെന്നാണ് ബംഗ്ലാദേശ് പറയുന്നത്. നിലവിൽ 12 ലക്ഷത്തിലധികം റോഹിംഗ്യകൾ ബംഗ്ലാദേശിലുണ്ട്. അതിൽ മൂന്നുലക്ഷം പേരെ മാത്രം മ്യാൻമർ നിവാസികളായി കണക്കാക്കുന്ന അധികൃതരുടെ നിലപാട് ബംഗ്ലാദേശ് തള്ളിക്കളഞ്ഞു.  റോഹിംഗ്യൻ ജനതയുടെ സ്വത്വവും രാഖൈനിലേക്ക് മടങ്ങാനുള്ള അവകാശവും നിഷേധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മ്യാൻമറിന്റെ പ്രസ്താവനയെന്ന് ബംഗ്ലാദേശ് കുറ്റപ്പെടുത്തി.

#Cox'sBazar #Rohingya #Myanmar #Bangladesh


No comments