ഹോർമുസിൽ കടുപ്പിച്ച് ഇറാനും യു എസും: വാക്‌പോര് രൂക്ഷം

 


വാഷിംഗ്ടൺ / ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ ഉടമസ്ഥാവകാശത്തെയും നിയന്ത്രണത്തെയും ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നത് അന്താരാഷ്ട്ര തലത്തിൽ പുതിയ ആശങ്കകൾ സൃഷ്ടിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ 'അമേരിക്കൻ പ്രദേശ'മായി പ്രഖ്യാപിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ ജലപാതയ്ക്ക് മേൽ യു എസിനു പൂർണനിയന്ത്രണമുണ്ടെന്നും ഉപരോധം തുടരുന്നതിനാൽ തങ്ങൾ അനുവദിക്കുന്ന കപ്പലുകൾക്ക് മാത്രമേ കടന്നുപോകാനാകൂ എന്നും ട്രംപ് വ്യക്തമാക്കി. 


ഇറാന്റെ പ്രതികരണം 

ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കണമെങ്കിൽ തങ്ങൾക്ക് മേലുള്ള നാവിക ഉപരോധവും സാമ്പത്തിക ഉപരോധങ്ങളും യു എസ് പൂർണ്ണമായി പിൻവലിക്കണമെന്നും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടു.  കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സംബന്ധിച്ച് ഇറാൻ നിലവിൽ ഒമാനുമായി മാത്രമാണ് ചർച്ചനടത്തുന്നത്. അമേരിക്ക തങ്ങളുമായി സമാധാന ചർച്ചകൾക്കായി 'യാചിക്കുകയാണെന്ന്' ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പരിഹസിച്ചു.  ഇറാനുമായി തൽക്കാലം യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചു. 


അന്താരാഷ്ട്ര ആശങ്ക

ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് കടുത്തതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സർവീസ് കടുത്ത ഭീഷണിയിലാണ്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഒരു ചരക്കുകപ്പലിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ചർച്ചകൾ പൂർണ്ണമായും മുടങ്ങിയത് ആഗോള എണ്ണവിപണിയെയും വ്യവസായ മേഖലയെയും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 


യു എ ഇയിൽ മിസൈൽ ആക്രമണം 

അതിനിടെ, ഒരു മാസത്തെ ഇടവേളയ്ക്കുശേഷം ഇറാൻ യു എ ഇയിൽ മിസൈൽ ആക്രമണം നടത്തി. രണ്ടു ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധിച്ചതായി യു എ ഇ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

#Iran #US #StraitOfHormuz

No comments