ആയിരത്തോളം ആരോഗ്യപ്രവർത്തകർ കൈകോർത്തു; അബുദബിയിൽ 250 ചതുരശ്ര മീറ്ററിൽ കൂറ്റൻ പൂക്കളം
അബുദബി: ഓണാഘോഷത്തിനൊപ്പം യു എ ഇയുടെ അതിജീവനത്തിന്റെയും വളർച്ചയുടെയും കഥ പറഞ്ഞ് അബുദബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ (BMC) കൂറ്റൻ പൂക്കളം. 35-ഓളം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ചേർന്നാണ് 250 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ പൂക്കളംഒരുക്കിയത്.
ഏകദേശം 20 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഇത്പൂർത്തിയാക്കിയത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ വലിയൊരു ചിത്രമാണ് പൂക്കളത്തിലെ പ്രധാന ആകർഷണം. 'യു.എ.ഇ കരുത്തുറ്റതാണ്, അത് കൂടുതൽ കരുത്തോടെ ഉയർത്തെഴുന്നേൽക്കും' എന്ന ശൈഖ് മുഹമ്മദിന്റെ നിശ്ചയദാർഢ്യമാണ് ഇതിന്റെ കേന്ദ്രപ്രമേയം.
രാജ്യത്തിന്റെ പാരമ്പര്യത്തിൽ നിന്ന് അതിമോഹനമായ ഭാവിയിലേക്കുള്ള യു.എ.ഇയുടെ പ്രയാണമാണ് പൂക്കളത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. പാരമ്പര്യ ഒട്ടകസവാരിയിൽ നിന്ന് ആധുനിക ഇത്തിഹാദ് റെയിലിലേക്കുള്ള മാറ്റം ഇതിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ശക്തമായ അടിത്തറയും ദീർഘവീക്ഷണവും രാജ്യത്തെ എങ്ങനെ മുന്നോട്ട് നയിക്കുന്നു എന്നതിന്റെ പ്രതിഫലനമാണിത്. കൂടാതെ, ഐക്യവും കരുതലും സൂചിപ്പിക്കുന്ന ഘടകങ്ങളും ആരോഗ്യപ്രവർത്തകരുടെ കാരുണ്യവും സേവനമനോഭാവവും വെളിപ്പെടുത്തുന്ന ആശയങ്ങളും പൂക്കളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മധ്യത്തിലെ മണൽ പെൻഡുലത്തിന് ചുറ്റുമായി തീർത്ത ഈ പൂക്കളം, വിവിധ രാജ്യക്കാർ ഒത്തുവാഴുന്ന യു.എ.ഇയുടെ സാംസ്കാരിക വൈവിധ്യത്തിനും സഹകരണത്തിനും ഉത്തമ ഉദാഹരണമായി മാറി. കേവലം ഒരു ആഘോഷത്തിനപ്പുറം, പ്രതീക്ഷയുടെ നാളെകളിലേക്ക് കുതിക്കുന്ന യു എ ഇയുടെ കരുത്തുറ്റ മുഖമാണ് ഈ ഭീമൻ പൂക്കളത്തിലൂടെ ദൃശ്യവത്കരിച്ചത്.
#abudhabi #burjeelmedicalcity #pookkalam #sheikhmuhammad
.png)
.png)
Post a Comment