കപ്പലുകൾ കസ്റ്റഡിയിലെടുക്കുമെന്ന് ഇറാൻ, ഉപരോധം കടുപ്പിക്കാൻ യു എസ്
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാര നിയമങ്ങൾ ലംഘിക്കുന്ന വിദേശ കപ്പലുകൾക്കെതിരെ പിഴ, കസ്റ്റഡിയിലെടുക്കൽ, കണ്ടുകെട്ടൽ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. മേഖലയിലെ പരമാധികാരം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
അതേസമയം, ഇറാന് മേൽ പുതിയതും കടുപ്പമേറിയതുമായ സാമ്പത്തിക ഉപരോധങ്ങൾ ഉടൻ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും അടച്ചുപൂട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ ഈ 'സാമ്പത്തിക യുദ്ധം' തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്നുള്ള മുഴുവൻ എണ്ണ കയറ്റുമതിയും തടയുമെന്ന് ഇറാന്റെ ഉന്നത സുരക്ഷാ തലവൻ മുഹ്‌സിൻ റസാഈ തിരിച്ചടിച്ചു. യു എസ് ഉപരോധങ്ങളെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യത്തിന്റെയും നിലപാടിനെ 'യുദ്ധപ്രഖ്യാപനമായി' കണക്കാക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ശക്തിപ്പെടുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ-ബുസൈദി ചൊവ്വാഴ്ച ടെഹ്റാനിലെത്തി മുതിർന്ന ഇറാൻ ഉദ്യോഗസ്ഥരുമായി നിർണായക ചർച്ചകൾ നടത്തും. ഹോർമുസ് കടലിടുക്കിലെ സുരക്ഷയും പ്രാദേശിക സമാധാനവുമാണ് കൂടിക്കാഴ്ചയിൽ പ്രധാന വിഷയങ്ങളാകുക.
#USIranconflict #Middleeast #StraitofHormuz
.png)
Post a Comment