തിരൂർ വാഗൺ ട്രാജഡി ഹാളിന്റെ പേര് പുനഃപരിശോധിക്കണമെന്ന് മന്ത്രി കെ എം ഷാജി
മലപ്പുറം: തിരൂർ നഗരസഭാ ഹാളിന്റെ പേര് മാറ്റണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് മന്ത്രി കെ എം ഷാജി. കുറുക്കോളി മൊയ്‌തീൻ എം എൽ എ ഉൾപ്പെടെ ഈ ആവശ്യം ഉയർത്തിയിരുന്നു. സാംസ്‌കാരിക പ്രവർത്തകരും ദീർഘകാലമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ചരിത്രത്തിലെ വലിയൊരു കൂട്ടക്കൊലയെ ദുരന്തമായി വിശേഷിപ്പിക്കുന്നതിലെ അസംബന്ധമാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. ഈ ആവശ്യത്തെ പൂർണമായി പിന്തുണച്ചുകൊണ്ടാണ് മന്ത്രി കെ എം ഷാജി രംഗത്തെത്തിയത്.
മന്ത്രി പറഞ്ഞത്:
"മലബാറിൽ നടന്നിട്ടുള്ള എല്ലാ സ്വാതന്ത്ര്യ സമരങ്ങളെയും ബ്രിട്ടീഷ് കണ്ണിലൂടെയാണ് പിന്നീട് ചരിത്രം നോക്കിക്കണ്ടത്. അങ്ങനെയാണ് മലബാർ സമരത്തെ മലബാർ കലാപം എന്ന പേര് വിളിക്കപ്പെട്ടത്. അതൊരു കലാപം ആയിരുന്നില്ല അതൊരു സ്വാഭാവികമായ സ്വാതന്ത്ര്യ സമരം ആയിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ സമരം ആയിരുന്നു അത്.
വാഗൺ ട്രാജഡി എന്ന പേര് പുനഃപരിശോധിക്കപ്പെടണം. ട്രാജഡി (ദുരന്തം) എന്നു പറയുമ്പോൾ, പ്രകൃതിയിൽ സംഭവിക്കുന്ന പോലുള്ള ഒന്നാണ്. ഇത് വളരെ പ്ലാൻ ചെയ്ത്, ട്രെയിനിന്റെ വാഗണിൽ കുറേ സ്വാതന്ത്ര്യ സമര പോരാളികളെ കയറ്റി കൊന്നു കളഞ്ഞതാണ്. അതിന് എന്ത് പേര് വെക്കണം എന്നതൊക്കെ ആലോചിക്കേണ്ടതാണ്. പക്ഷേ ഈ പേര് പരിശോധിക്കപ്പെടേണ്ടതാണ്. ചരിത്രപരമായി ആ പോരാളികളോട് കാണിക്കേണ്ട നീതിയെ കുറിച്ചാണ് എം എൽ എ പറഞ്ഞത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്".
#KMShaji #WagonTragedy #Tirur #Keralam

.jpg)
Post a Comment