നാലു മാസം, 10 കേസുകൾ, 22 പേർക്ക് വധശിക്ഷ: മുസഫർനഗർ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ നൂറോളം കേസുകൾ മാറ്റി

 


ന്യൂഡൽഹി: ഉത്തർപ്രദേശിലെ  മുസഫർനഗർ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണയിലുണ്ടായിരുന്ന നൂറോളം കേസുകൾ അടിയന്തരമായി ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലേക്ക് മാറ്റി. കഴിഞ്ഞ നാല് മാസത്തിനിടെ 10 കേസുകളിലായി 22 പേർക്ക് വധശിക്ഷ വിധിച്ച അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് രവി കുമാർ ദിവാകറിന്റെ കോടതിയിൽ നിന്നാണ് കേസുകൾ മാറ്റിയത്.

വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട ഈ കേസുകൾ, ജഡ്ജ് രവി കുമാർ ദിവാകറിന്റെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നിന്ന് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് വീരേന്ദ്ര കുമാർ സിംഗിന്റെ കോടതിയിലേക്കാണ് മാറ്റിയത്. 


വധശിക്ഷാ വിധികൾ സൃഷ്ടിച്ച ആശങ്ക

കേസുകൾ തുടർച്ചയായി വധശിക്ഷയിലേക്ക് നയിക്കുന്നത് അഭിഭാഷകർക്കും കക്ഷികൾക്കുമിടയിൽ വലിയ ഭയവും ആശങ്കയും ഉളവാക്കിയിട്ടുണ്ടെന്ന് ഡിസ്ട്രിക്ട് ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി പറഞ്ഞു. ഈ കോടതിയിൽ വിചാരണ പൂർത്തിയാകുന്ന ഏതുകേസിലും വധശിക്ഷ ലഭിച്ചേക്കാം എന്ന സാഹചര്യമുണ്ടായതിനെ തുടർന്നാണ് കേസുകൾ മാറ്റാൻ അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ തീരുമാനമായത്.


ആരാണ് ജഡ്ജ് രവി കുമാർ ദിവാകർ?

ലഖ്‌നൗ സ്വദേശിയായ 46-കാരനായ ജഡ്ജ് രവി കുമാർ ദിവാകർ കർശന നിലപാടുകളുള്ള വിധിന്യായങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ്. 2022-ൽ ഏറെ രാഷ്ട്രീയ പ്രാധാന്യം നേടിയ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് വളപ്പിൽ വീഡിയോ സർവേ നടത്താൻ ഉത്തരവിട്ടത് ഇദ്ദേഹമായിരുന്നു.

2009-ൽ അസംഗഢിൽ അഡീഷനൽ സിവിൽ ജഡ്ജിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, 2015 മെയ് മാസത്തിൽ സുൽത്താൻപൂരിൽ സിവിൽ ജഡ്ജിയായും പിന്നീട് ജുഡീഷ്യൽ മജിസ്‌ട്രേറ്റായും സേവനമനുഷ്ഠിച്ചു.  2025 നവംബർ മുതലാണ് മുസഫർനഗറിലെ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കുന്നത്.

നാല് മാസത്തിനിടെ 10 കേസുകളിലായി 22 വധശിക്ഷകൾ

കേവലം നാല് മാസത്തിനുള്ളിൽ അപൂർവങ്ങളിൽ അപൂർവമായ വിധിന്യായങ്ങളിലൂടെയാണ് ഇദ്ദേഹത്തിന്റെ ഫാസ്റ്റ് ട്രാക്ക് കോടതി വാർത്തകളിൽ നിറഞ്ഞത്.

ഏപ്രിൽ 6: 45 ലക്ഷം രൂപയുടെ സാമ്പത്തിക തർക്കത്തെ തുടർന്ന് അഭിഭാഷകനായ മുഹമ്മദ് സമീറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചു.

ഏപ്രിൽ 28: 2019 ലെ ഒരു കൊലപാതക കേസിൽ ഒരു സ്ത്രീക്കും അവരുടെ മൂന്ന് മക്കൾക്കും വധശിക്ഷ വിധിച്ചു.

മേയ് 30: 2011 നവംബറിൽ 30-കാരിയായ സ്ത്രീയെയും അവരുടെ ആറുവയസ്സുള്ള മകനെയും ഇഷ്ടികകൊണ്ട് അടിച്ചുകൊന്ന കേസിൽ 15 വർഷത്തിന് ശേഷം പ്രതിയായ റഹീസിന് വധശിക്ഷ.

ജൂൺ 20: രാജേന്ദ്ര സൈനി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഗജേന്ദ്ര, രാംകിരൺ എന്നിവർക്ക് വധശിക്ഷ.

ജൂലൈ 2: അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച രതിറാം എന്ന ഹോം ഗാർഡിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ദീപക് എന്നയാൾക്ക് വധശിക്ഷ നൽകി.

ജൂലൈ 6: 2010 ആഗസ്തിൽ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് വൈരാഗ്യത്തിന്റെ പേരിൽ രാജ്ബീർ സിംഗ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ മുൻ ഗ്രാമത്തലവനും സഹായിക്കും വധശിക്ഷ.

ജൂലൈ 17: 2011 ആഗസ്ത് 20-ന് മോഷണശ്രമത്തിനിടെ രാജ് സിംഗ് എന്ന കർഷകനെ വെടിവെച്ചു കൊന്ന കേസിലെ നാല് പ്രതികൾക്കും വധശിക്ഷ.

ആഗസ്ത് 12: 1999 ഡിസംബറിൽ 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തടി വ്യാപാരിയായ സലീമിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്തു കൊന്ന കേസിൽ ഷാനവാസ് എന്നയാൾക്ക് 27 വർഷങ്ങൾക്ക് ശേഷം വധശിക്ഷ നൽകി.

ആഗസ്ത് 13: 2014 ജൂലൈ 14-ന് ഷാംലിയിൽ നടന്ന കൊലപാതകത്തിൽ 12 വർഷത്തിന് ശേഷം നാല് പ്രതികൾക്ക് വധശിക്ഷയും 1.70 ലക്ഷം രൂപ പിഴയും വിധിച്ചു.

തുടർച്ചയായി വധശിക്ഷകൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് കേസിന്റെ സുഗമമായ നടത്തിപ്പിനായി നൂറോളം കൊലപാതകക്കേസുകൾ ജില്ലാ കോടതിയിലേക്ക് മാറ്റിയത്.

#UPjudge #MuzaffarnagarCourt 

No comments