രാജസ്ഥാനിൽ സി ജെ പി പ്രവർത്തകർക്കു നേരെ സംഘ്പരിവാർ ആക്രമണം

 




ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്പൂർ ജില്ലയിലുള്ള രാംപുര-കൻവാർപുരയിലെ സർക്കാർ സ്കൂൾ സന്ദർശിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (CJP) കോ-കൺവീനറും വക്താവുമായ അശുതോഷ് റാങ്കയെയും സഹപ്രവർത്തകരെയും സംഘ്പരിവാർ ക്രൂരമായി ആക്രമിച്ചതായി പരാതി. ബി.ജെ.പി പ്രവർത്തകരും ഗുണ്ടകളുമാണ് ആക്രമണത്തിന് പിന്നിലെന്ന് പാർട്ടി സ്ഥാപകനും കൺവീനറുമായ അഭിജീത് ദിപ്കെ ആരോപിച്ചു.


കഴിഞ്ഞ ആഴ്ച, താനാഗാസിയിലെ ജോധ്വാസിലുള്ള ഒരു സ്കൂൾ റാങ്ക സന്ദർശിച്ചിരുന്നു. അവിടെ ആറുമാസം മുമ്പ് തകർന്നു വീണ സ്കൂൾ മേൽക്കൂര നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾക്കൊപ്പം അദ്ദേഹം ധർണ ഇരുന്നു. മേൽക്കൂര ശരിയാക്കാമെന്ന് അധികൃതർ ഉറപ്പുനൽകുന്നത് വരെ നാല് മണിക്കൂറോളമാണ് റാങ്ക അവിടെ പ്രതിഷേധിച്ചത്. 

ഒരു സ്കൂളിന്റെ മേൽക്കൂര തകർന്നു വീണ് ആറുമാസം കഴിഞ്ഞിട്ടും അത് നന്നാക്കാൻ അധികൃതർ തയ്യാറാകാതിരുന്ന പശ്ചാത്തലത്തിലാണ് സി ജെ പി പ്രതിഷേധം ആരംഭിച്ചത്. പ്രദേശത്തെ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ സ്കൂൾ കെട്ടിടമില്ലാത്തതിനാൽ അവർ കാലിത്തൊഴുത്തിലും (buffalo shed) താത്കാലികമായി സജ്ജീകരിച്ച ഇടങ്ങളിലും ഇരുന്ന് പഠിക്കേണ്ടി വരുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന് ഇതൊന്നും പ്രശ്നമല്ലെന്നും, എന്നാൽ സ്കൂൾ കെട്ടിടങ്ങൾ നന്നാക്കാൻ തങ്ങൾ മുന്നോട്ട് വരുമ്പോൾ അതിനെ ഗുണ്ടകളെ വിട്ട് തടയുകയാണെന്നും അശുതോഷ് റാങ്ക ആരോപിച്ചു.


 പ്രധാന വിവരങ്ങൾ

-കൻവാർപുരയിലെ സ്കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു സംഘം ആളുകൾ ഇവരെ തടയുകയും തടഞ്ഞുനിർത്തി ആക്രമിക്കുകയുമായിരുന്നു. വാഹനങ്ങളുടെ ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കുകയും മൊബൈൽ ഫോണുകൾ തല്ലിത്തകർക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു പ്രവർത്തകന്റെ കൈക്ക് ഒടിവ് സംഭവിക്കുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു.

-പോലീസിനെതിരെ വിമർശനം: സംഭവം നടക്കുമ്പോൾ രാജസ്ഥാൻ പോലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുകയായിരുന്നുവെന്നും, മുൻകൂട്ടി അറിയിച്ചിട്ടും സുരക്ഷയൊരുക്കാൻ  തയ്യാറായില്ലെന്നും സി ജെ പി നേതാക്കൾ ആരോപിച്ചു.

-സ്കൂളുകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി ജെ പി ആരംഭിച്ച 'സ്കൂൾ ടീക് കരോ' (സ്കൂൾ നന്നാക്കൂ) പ്രചാരണത്തിന്റെ ഭാഗമായാണ് അശുതോഷ് റാങ്കയും സംഘവും രാജസ്ഥാനിലെത്തിയത്. 

-സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ നിർദേശപ്രകാരമാണ് ഈ ആക്രമണം നടന്നതെന്ന് അശുതോഷ് റാങ്ക ആരോപിച്ചു. കുട്ടികൾ പശുകുടിലിൽ ഇരുന്ന് പഠിക്കുന്നത് മന്ത്രിക്ക് പ്രശ്നമല്ലെന്നും സ്കൂളുകൾ നന്നാക്കാൻ ശ്രമിക്കുന്നവരെ ഗുണ്ടകളെ വിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

-താൻ രാജസ്ഥാനിലേക്ക് വീണ്ടും മടങ്ങിയെത്തുമെന്ന് X-ൽ കുറിച്ച അദ്ദേഹം, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 10 സ്കൂളുകളെങ്കിലും കാണിച്ചുതരാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിനെ വെല്ലുവിളിക്കുകയും ചെയ്തു.

-ആക്രമണത്തിൽ പങ്കെടുത്തവരെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്നും, അല്ലാത്തപക്ഷം വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്നും CJP മുന്നറിയിപ്പ് നൽകി.

-സംഭവം നടന്നതിന് പിന്നാലെ, അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർ സർക്കാർ സ്കൂളുകളിൽ പ്രവേശിക്കുന്നതും ചിത്രീകരണങ്ങൾ നടത്തുന്നതും വിലക്കിക്കൊണ്ട് രാജസ്ഥാൻ സർക്കാർ ഉത്തരവിറക്കി.

അതേസമയം, കൻവാർപുര ആക്രമണത്തിനു പിന്നിൽ തങ്ങളുടെ പ്രവർത്തകരാണെന്ന സി ജെ പിയുടെ ആരോപണം ബി ജെ പി തള്ളി.

No comments